ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വേദിയിലെത്തിയ കൊമേഡിയൻ പുൽകിത് മണിയുടെ ഉത്തർപ്രദേശിൽ നടത്താനിരുന്ന മൂന്ന് പരിപാടികൾ റദ്ദാക്കി. നോയിഡ, ലക്നൗ, കാൺപൂർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.
തനിക്ക് തുടർച്ചയായി ഭീഷണികൾ ലഭിക്കുന്നതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നതെന്ന് പുൽകിത് മണി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. എന്നാൽ ഭീഷണിക്ക് പിന്നിൽ ആരാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇൻഡോറിൽ സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിയിൽ രാഹുൽ ഗാന്ധിക്കൊപ്പം വേദിയിലെത്തിയ പുൽകിത് മോദിയുടെ സംസാരശൈലിയും ശരീരഭാഷയും അനുകരിച്ചിരുന്നു. ഇതിന്റെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടതോടെയാണ് വിവാദമായത്.
പ്രകടനത്തിനിടെ പ്രധാനമന്ത്രിയുടെ മാതാവിനെ പരാമർശിച്ച് അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ രംഗത്തെത്തുകയും രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.